കുവൈറ്റിലെ തൊഴിലാളികളിൽ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ. നിലവിൽ തൊഴിലാളികളുടെ എണ്ണം ഏകദേശം 655,000 ആണ്. 2021 ന്‍റെ രണ്ടാം പാദത്തിന്‍റെ അവസാനത്തിൽ ഇത് 639,000 ആയിരുന്നു.

തൊഴിൽ മേഖലയിലെ സ്ത്രീകളുടെയും പുരുഷൻമാരുടെയും എണ്ണം ഏകദേശം തുല്യമാണ്. 3,15,000 സ്ത്രീ തൊഴിലാളികളും 3,39,000 പുരുഷൻമാരുമുണ്ട്. കുവൈറ്റിലെ മൊത്തം പ്രവാസി തൊഴിലാളികളിൽ നാലിലൊന്ന് ഗാർഹിക തൊഴിലാളികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ, ഇന്ത്യയിൽ നിന്നുള്ള പുരുഷ ജീവനക്കാരുടെ എണ്ണം 213,000 ആണ്.

ഗാർഹിക തൊഴിലാളികളിൽ 46.2 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഫിലിപ്പീൻസിൽ നിന്നുള്ള തൊഴിലാളികളാണ് രണ്ടാമത്. സ്ത്രീ തൊഴിലാളികളുടെ കാര്യത്തിൽ ഫിലിപ്പീൻസാണ് മുന്നിൽ. ഫിലിപ്പീൻസിൽ നിന്നുള്ളവരിൽ 24.7 ശതമാനം പേരും കുവൈറ്റിൽ ഗാർഹിക തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ്. ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ 10 രാജ്യങ്ങളിൽ നിന്നുള്ള മൊത്തം ഗാർഹിക തൊഴിലാളികൾ 95.1 ശതമാനമാണ്.