അമ്മയേയും കുഞ്ഞിനേയും വീടിന് പുറത്താക്കിയ സംഭവം; ഇന്ന് അറസ്റ്റുണ്ടായേക്കും
കൊല്ലം: തഴുത്തലയിൽ അമ്മയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ വീടിന് പുറത്ത് നിർത്തിയ സംഭവത്തിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ, ഭർതൃമാതാവ് അജിതകുമാരി, ഭർതൃ സഹോദരി പ്രസീത എന്നിവർക്കെതിരെ ഇന്നലെ കൊട്ടിയം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
കുട്ടിയെയും അമ്മയെയും ഒരു രാത്രി മുഴുവൻ പുറത്ത് നിർത്തിയിട്ടും അനങ്ങാതിരുന്ന പൊലീസ് നടപടി വാർത്തയായതോടെയാണ് അതുല്യയുടെ മൊഴി രേഖപ്പെടുത്തിയതും തുടർ നടപടികളിലേക്ക് നീങ്ങിയതും. സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കൊട്ടിയം പൊലീസ് കേസെടുത്തിരിക്കുന്നത്. 100 പവൻ സ്വർണവും പണവും സ്ത്രീധനമായി നൽകിയിട്ടും ഭർത്താവും ഭർതൃമാതാവും ഭർതൃ സഹോദരിയും ചേർന്ന് കൂടുതൽ പണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് അതുല്യ പരാതിയിൽ പറഞ്ഞു.
അഞ്ചര വയസുകാരനെ വീടിന് പുറത്ത് നിർത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. വ്യാഴാഴ്ച വൈകിട്ട് 3.30ന് സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ മകനെ വിളിക്കാൻ പോയപ്പോഴാണ് ഭർതൃമാതാവ് അജിതകുമാരി വീട് പൂട്ടിയത്. 20 മണിക്കൂറിന് ശേഷം ചാത്തന്നൂർ എസിപിയും സിഡബ്ല്യുസി ജില്ലാ ചെയർമാനും വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലും ചേർന്ന് ചർച്ച നടത്തിയ ശേഷമാണ് അതുല്യയേയും കുഞ്ഞിനേയും ഭര്‍തൃ മാതാവ് വീടിന് അകത്തേക്ക് കയറ്റിയത്.