വേഗപ്പൂട്ടില്ലാത്ത പാഞ്ഞ കെഎസ്ആർടിസി ബസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

തൃശ്ശൂർ: വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കെഎസ്ആർടിസി ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. കണ്ണൂരിൽ നിന്ന് നെടുങ്കണ്ടത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ വേഗപൂട്ട് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തൃശൂരിൽ യാത്ര നിർത്താൻ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകി.

വടക്കഞ്ചേരിയിലെ അപകടകാരണങ്ങൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കർശന നടപടികൾ സ്വീകരിക്കാനാണ് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറുടെ തീരുമാനം. ഇതേതുടർന്ന് സംസ്ഥാനത്ത് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് റദ്ദാക്കാനാണ് തീരുമാനം. വേഗപ്പൂട്ടിന് പൂട്ടിടുന്ന വാഹന ഡീലർമാർക്കെതിരെയും കേസെടുക്കുമെന്നാണ് വിവരം.

ഇതിന്‍റെ അടിസ്ഥാനത്തിൽ ബസുകളുടെ വേഗ പരിശോധനയും കർശനമാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ ഗതാഗത വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. തിരുവനന്തപുരത്ത് മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗതാഗത സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.