രാജ്ഞിയുടെ ഭൗതികശരീരവുമായി വിലാപയാത്ര ബ്രിട്ടനിലേക്ക്
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സ്കോട്ട്ലൻഡിന്‍റെ തലസ്ഥാനമായ എഡിൻബർഗിൽ എത്തി. സ്കോട്‌ലാൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽനിന്നും എഡിൻബർഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലേക്ക് കാർ മാർഗമാണ് ഭൗതികശരീരം എത്തിച്ചത്. പ്രാദേശിക സമയം രാവിലെ 10 മണിക്ക് ആരംഭിച്ച വിലാപയാത്ര എഡിൻബർഗിലെത്താൻ ആറ് മണിക്കൂറിലധികം സമയമെടുത്തു. രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരക്കണക്കിനാളുകൾ സ്കോട്ട്ലൻഡിലെ തെരുവുകളിൽ കാത്തുനിന്നു.
രാജ്ഞിയുടെ ശവപ്പെട്ടിയിലെ റീത്ത് ബാൽമോറൽ കൊട്ടാരത്തിൽ നിന്നുള്ള പൂക്കൾ കൊണ്ടാണ് നിർമ്മിച്ചത്. ഗാർഡ് ഓഫ് ഓണറിന് ശേഷം മൃതദേഹം ഇന്ന് രാത്രി ഹോളിറൂഡ് ഹൗസ് പാലസിൽ സൂക്ഷിക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സെന്‍റ് ഗൈൽസ് കത്തീഡ്രലിലേക്ക് പോകും. പൊതുജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരമുണ്ടാകും. ആൻ രാജകുമാരി, ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ എന്നിവരും എഡിൻബർഗിലുണ്ട്. ലണ്ടനിലുള്ള ചാൾസ് മൂന്നാമൻ രാജാവ് തിങ്കളാഴ്ച എഡിൻബർഗിലെത്തും.
ബാൽമോറൽ കൊട്ടാരത്തിൽ വ്യാഴാഴ്ചയായിരുന്നു രാജ്ഞിയുടെ അന്ത്യം. ശവസംസ്കാരം സെപ്റ്റംബർ 19ന് രാവിലെ 11 മണിക്ക് വെസ്റ്റ് മിനിസ്റ്റർ ആബെയിൽ നടക്കും. രാജ്ഞിയുടെ അനുസ്മരണച്ചടങ്ങിൽ ചാൾസ് മൂന്നാമൻ രാജാവിനൊപ്പം പ്രധാനമന്ത്രി ലിസ് ട്രസ് പങ്കെടുക്കും. രാജ്ഞിയുടെ മരണത്തിൽ ഇന്ത്യ ഞായറാഴ്ച ദുഃഖാചരണം നടത്തി. രാജ്ഞിയോടുള്ള ആദരസൂചകമായി ദേശീയപതാക പകുതി താഴ്ത്തി. എല്ലാ സർക്കാർ ആഘോഷങ്ങളും ഇന്ന് റദ്ദാക്കി.