സിൽവർ ലൈൻ സർവേ പുനരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സിൽവർ ലൈൻ സർവേ പുനരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്രാനുമതിയോ സാമൂഹികാഘാത പഠനാനുമതിയോ വിശദമായ പദ്ധതി രേഖയോ ഇല്ലാത്ത സാഹചര്യത്തിൽ ഏകപക്ഷീയമായി സർവേ പുനരാരംഭിക്കാനുള്ള നീക്കം ജനങ്ങളിൽ കൂടുതൽ രോഷത്തിന് ഇടയാക്കുമെന്നും സംഘർഷം സൃഷ്ടിക്കുമെന്നും ഉമ്മൻചാണ്ടി മുന്നറിയിപ്പ് നൽകി.

വിശദമായ പദ്ധതി രേഖയ്ക്ക് ഇതുവരെ കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ എന്തുകൊണ്ട് സാമൂഹ്യാഘാത പഠനവും സർവേയും നടത്തണമെന്ന് കേരള ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് വളരെ പ്രസക്തിയുണ്ടെന്നും പദ്ധതിയുടെ അലൈൻമെന്‍റ് മാറ്റാൻ കേന്ദ്രം ആവശ്യപ്പെട്ടാൽ ഇതെല്ലാം വെറുതെയാകില്ലേയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

നടപടിക്രമങ്ങൾ പാലിക്കാതെയും അനാവശ്യമായും സർക്കാർ ആരംഭിച്ച സർവേയിൽ നിന്ന് സ്വത്ത് സംരക്ഷിക്കാനുള്ള ജനകീയ സമരത്തിന്‍റെ ഫലമായി ഉയർന്നുവന്ന എല്ലാ കേസുകളും പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്നും ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കിയതിന് മാപ്പ് പറയണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.