സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; ജർമ്മനിയിൽ 25 അംഗ സംഘം പിടിയിൽ

ബെർലിൻ: ജർമ്മനിയിൽ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച 25 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനൊടുവിലാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം പിടിയിലായത്. നിലവിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് 1871-ലെ ജർമ്മനിയെ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘം പ്രവർത്തിച്ചത്.

ഹെൻറിച്ച് പതിമൂന്നാമൻ രാജകുമാരൻ എന്നറിയപ്പെടുന്ന ഒരാളാണ് അട്ടിമറിക്ക് നേതൃത്വം നൽകിയത്. ഇതിനായി ഒരു നിഴൽ മന്ത്രിസഭയും രൂപീകരിച്ചു. വിരമിച്ച സൈനിക ഉദ്യോഗസ്ഥരും അട്ടിമറി സ്ക്വാഡിന്‍റെ ഭാഗമാണെന്ന് ജർമ്മൻ അധികൃതർ പറഞ്ഞു. പാർലമെന്‍റ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ആക്രമിച്ച് അട്ടിമറി നടത്താനായിരുന്നു അവരുടെ പദ്ധതി. വിവരം ചോർന്നതിനെ തുടർന്ന് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് സംഘാംഗങ്ങൾ പിടിയിലായത്. ഇവരിൽ നിന്ന് ആയുധങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.