ഫോക്‌സ് വാഗൻ ഷോറൂമിന് മുന്നിൽ സിനിമാ താരത്തിന്‍റെ പ്രതിഷേധം
കൊച്ചി: വാഹനം വാങ്ങുമ്പോൾ നൽകിയ വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് കൊച്ചിയിലെ ഫോക്സ് വാഗൻ ഷോറൂമിന് മുന്നിൽ നടൻ പ്രതിഷേധിച്ചു. സിനിമ- സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്ന നടൻ കിരൺ അരവിന്ദാക്ഷൻ പ്രതിഷേധവുമായി രംഗത്തെത്തി.
യഥാർത്ഥ കാരണം മറച്ചുവച്ച് ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന് പറഞ്ഞ് വാറന്‍റി നിഷേധിച്ചുവെന്നാണ് കിരണ്‍ അരവിന്ദാക്ഷന്‍ ആരോപിക്കുന്നത്. ഏകദേശം 10 ലക്ഷം രൂപ വായ്പയെടുത്താണ് കിരൺ ഫോക്സ് വാഗൻ പോളോ ഡീസൽ കാർ വാങ്ങിയത്. കൊച്ചി മരടിലെ യാര്‍ഡിലാണ് ഇപ്പോൾ കാർ കിടക്കുന്നത്.
ഡീസൽ വാഹനം 16 മാസമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. 2021 ഓഗസ്റ്റിലാണ് ബ്രേക്ക് ഡൌണായി ഇവിടെ കിടക്കാൻ തുടങ്ങിയത്. 2023 മാർച്ച് വരെ വാഹനത്തിൻ വാറന്‍റി ഉണ്ടെന്ന് കിരൺ പറഞ്ഞു. എന്നാൽ ഇന്ധന ടാങ്കിൽ വെള്ളം കയറിയതാണ് പ്രശ്നത്തിന് കാരണമെന്ന് ഫോക്സ് വാഗൻ അംഗീകൃത സർവീസ് സെന്‍റർ പറഞ്ഞു. മൂന്ന് ലക്ഷത്തോളം രൂപയോളം ചെലവ് വരുന്ന ജോലിക്ക് വാറന്‍റി ലഭിക്കില്ലെന്ന് അവർ പറഞ്ഞു. എവിടെ നിന്നാണ് ഇങ്ങനെ ടാങ്കില്‍ വെള്ളം വന്നത് എന്ന ചോദ്യത്തിന് അത് ഡീസല്‍ അടിച്ച പമ്പില്‍ പോയി ചോദിക്ക് എന്ന രീതിയില്‍ മോശമായി പെരുമാറി എന്നും കിരണ്‍ പറയുന്നു.