ഋഷി സുനക്കിനെതിരെ കത്തെഴുതി സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ പോരാട്ടം. ബ്രിട്ടന്‍റെ ഭരണം ഏറ്റെടുത്ത് മാസങ്ങൾക്കുള്ളിൽ അവതരിപ്പിച്ച ബജറ്റിലെ നികുതി പദ്ധതികളെച്ചൊല്ലി യുകെയിലെ ഭരണകക്ഷിയിൽ പുതിയ വാക്പോര് പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിൽ ആറാഴ്ച പൂർത്തിയാക്കിയ സുനക്, വർദ്ധിച്ചുവരുന്ന ഊർജ്ജ ബില്ലുകളും ജീവിതച്ചെലവ് പ്രതിസന്ധിയും നേരിടാനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് നികുതി കുറയ്ക്കണമെന്ന ആവശ്യം സ്വന്തം പാർട്ടിക്കാരിൽ നിന്നും ഉയരുന്നത്. 

40 കൺസർവേറ്റീവ് പാർട്ടി എംപിമാരാണ് ഭരണകക്ഷിയിലെ പുതിയ കലാപത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം ധനമന്ത്രി ജെറമി ഹണ്ടിന് കത്തയച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചിട്ടും കാണാത്ത തരത്തിൽ ബ്രിട്ടീഷ് പൊതുജനങ്ങൾക്ക് മേൽ നികുതി ചുമത്താൻ സർക്കാർ തീരുമാനിച്ചതായി ഭരണകക്ഷി എംപിമാർ തന്നെ പറയുന്നു.