എം.എസ് ധോണി തിരിച്ചുവരുന്നു; നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ

മുംബൈ: ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ സുപ്രധാന ഇടപെടലുമായി ബി.സി.സി.ഐ. ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണിയെ ടീമിന്റെ നിർണ്ണായക സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാൻ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. ടി20 ടീമിനെ ഉടച്ച് വാർക്കാനുള്ള ദൗത്യവുമായായിരിക്കും ധോണി എത്തുകയെന്നാണ് അറിയുന്നത്.

ദേശീയ ടി20 ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് എന്ന സ്ഥാനത്തേക്കാണ് ധോണിയെ പരിഗണിക്കുന്നത്. സ്ഥിരം പദവിയായിരിക്കും ഇതെന്നാണ് അറിയുന്നത്. അടുത്ത സീസണോടെ ധോണി ഐ.പി.എല്ലിൽനിന്നും വിരമിക്കുമെന്നും സൂചനയുണ്ട്.

ടി20 സ്‌പെഷലിസ്റ്റുകളെ വളർത്തിയെടുക്കുകയാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. ഇതിനായി ഒരു കൂട്ടം താരങ്ങളെ പ്രത്യേകമായി പരിശീലിപ്പിക്കാൻ ധോണിയെ ഏൽപിക്കും. ഈ മാസം അവസാനത്തിൽ പ്രതീക്ഷിക്കപ്പെടുന്ന ബി.സി.സി.ഐ ഉന്നതതല യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.