അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കില്ലെന്ന് മുകുൾ റോഹത്ഗി
ന്യൂഡൽഹി: അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം നിരസിച്ച് മുകുൾ റോഹത്ഗി. ഒക്ടോബർ ഒന്നിന് സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത പിന്മാറ്റം. ഈ പദവി വീണ്ടും ഏറ്റെടുക്കുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തിയെന്നും റോഹത്ഗി പറഞ്ഞു. നിലവിലെ എജി കെ കെ വേണുഗോപാൽ ഈ മാസം 30ന് വിരമിക്കും.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ കെ കെ വേണുഗോപാൽ 2017 ജൂലൈയിലാണ് ഈ പദവി ഏറ്റെടുത്തത്. 2020ൽ അദ്ദേഹത്തിന്‍റെ മൂന്ന് വർഷത്തെ കാലാവധി അവസാനിച്ചപ്പോൾ, ഒരു വർഷം കൂടി തുടരാൻ സർക്കാർ വേണുഗോപാലിനോട് അഭ്യർത്ഥിച്ചു. തുടരില്ലെന്ന് വേണുഗോപാൽ കേന്ദ്ര സർക്കാരിനെ അറിയിച്ചതിനെ തുടർന്നാണ് റോഹത്ഗിയെ വീണ്ടും പരിഗണിച്ചത്. 2014-17 ലും റോഹത്ഗി എജി ആയിരുന്നു. ഇപ്പോൾ റോഹത്ഗിയും പിൻമാറിയതോടെ അടുത്ത എജിക്കായി സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുകയാണ്.