മുലായം സിങ് യാദവിന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോ​ഗിക ബഹുമതികളോടെ നാളെ നടക്കും

ഡൽഹി: സമാജ് വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്‍റെ സംസ്കാര ചടങ്ങുകൾ ജൻമനാടായ സായ്ഫായിൽ നടക്കും. ശവസംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മൃതദേഹം സായ് ഫായിലേക്ക് കൊണ്ടുപോകും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രി സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മുലായം സിംഗ് യാദവ് രാവിലെ മരിച്ചത്.

തുടർച്ചയായി മൂന്ന് തവണ യു.പി മുഖ്യമന്ത്രിയും 1996ൽ പ്രതിരോധ മന്ത്രിയുമായിരുന്നു. ഏഴ് തവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ഹിന്ദി ഹൃദയഭൂമിയിലെ നേതാജി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്നാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് വന്നത്. മുലായം സിംഗ് യാദവിന്‍റെ നിര്യാണത്തിൽ രാഷ്ട്രപതി ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.