മുല്ലപ്പെരിയാർ ജലനിരപ്പിൽ വർദ്ധന; തലസ്ഥാനമടക്കം എട്ടു ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ തലസ്ഥാന ജില്ല ഉൾപ്പെടെ എട്ട് ജില്ലകളിൽ അടുത്ത ഏതാനും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് വൈകിട്ട് നാലിനു ശേഷം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല എന്നത് ആശ്വാസകരമാണ്. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് രാവിലെ 141 അടിയായിരുന്നത് വൈകുന്നേരത്തോടെ 141.30 അടിയായി ഉയർന്നു. തമിഴ്നാട് രാവിലെ തന്നെ രണ്ടാമത്തെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഡിസംബർ മൂന്നിന് ജലനിരപ്പ് 140 അടിയിലെത്തിയിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞതും ജലനിരപ്പ് ഉയരാൻ കാരണമായി. എന്നിരുന്നാലും, വൃഷ്ടിപ്രദേശത്ത് നിന്ന് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞിട്ടുണ്ട്. നിലവിൽ 2746 ക്യുബിക് അടി ജലമാണ് ഒഴുകിയെത്തുന്നത്. രാവിലെ ഇത് 4261 ഖന അടിയായിരുന്നു.