വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായി ശേഖർ മിശ്ര; അറസ്റ്റ് ഉടൻ

ന്യൂഡൽഹി: മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരനായ ശേഖർ മിശ്രയാണ് വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എയർ ഇന്ത്യ വിമാനത്തിൽ നടന്ന സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിക്കാൻ വിമാനക്കമ്പനി വൈകിയെന്നാണ് ആരോപണം.

നവംബർ 26ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഡിസംബർ 28ന് ആണ് പൊലീസിന് പരാതി ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിമാന ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. എയർ ഇന്ത്യ മിശ്രയ്ക്ക് 30 ദിവസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം.

ബിസിനസ് ക്ലാസ് യാത്രക്കാരനായ ശേഖർ മിശ്ര തന്‍റെ മുന്നിലിരുന്ന 70 വയസ്സുള്ള ഒരു സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു. സ്ത്രീ പരാതി നൽകിയെങ്കിലും ഡൽഹിയിൽ വന്നിറങ്ങിയ ശേഷവും ഇയാൾക്കെതിരെ നടപടിയുണ്ടായില്ല. തുടർന്ന് ഇവർ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര സമിതി രൂപീകരിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ എയർ ഇന്ത്യയും പൊലീസിൽ പരാതി നൽകിയിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെയും അറിയിച്ചിട്ടുണ്ട്.