ദക്ഷിണാഫ്രിക്കയിലും യു.എ.ഇയിലും കളിക്കാൻ മുംബൈ ഇന്ത്യന്‍സ്

മുംബൈ: ദക്ഷിണാഫ്രിക്ക, യു.എ.ഇ. എന്നിവിടങ്ങളിലുള്ള ട്വന്റി 20 ലീഗുകളില്‍ കളിക്കാൻ തയ്യാറെടുക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഈ രണ്ട് ലീഗുകളിലും പുതിയ ടീമുകളെ കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യൻസ്. ഇതിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ഇരുടീമുകളുടെയും പേരുകളും ലോഗോകളും പുറത്തുവിട്ടു.

യു.എ.ഇ. ടീമിന്റെ പേര് എം.ഐ. എമിറേറ്റ്‌സ് എന്നാണ്. ദക്ഷിണാഫ്രിക്കന്‍ ലീഗിലെ പുതിയ ടീം എം.ഐ. കേപ്ടൗണും. ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗിലെയും യു.എ.ഇ. ലീഗിലെയും എല്ലാ ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസികളാണ്.

ആറ് ടീമുകളാണ് ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ മത്സരിക്കുന്നത്. ഓരോ ടീമിനും 17 അംഗ ടീമിനെ തിരഞ്ഞെടുക്കാം. ഇതിൽ അഞ്ച് കളിക്കാരെ ലേലത്തിന് മുമ്പ് വാങ്ങാം. ഇതിൽ മൂന്ന് വിദേശ താരങ്ങളും രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങളും ഉൾപ്പെടുന്നു. ഐപിഎല്ലിന് സമാനമായി പരമാവധി നാല് വിദേശ കളിക്കാരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താം. സമാനമായ സാഹചര്യമാണ് യു.എ.ഇ.യിലും നിലനിൽക്കുന്നത്. രണ്ട് ടി20 ടൂർണമെന്‍റുകളും അടുത്ത വർഷം ജനുവരിയിൽ നടക്കും.