ഹൈവേ വികസനത്തിന് കൂടുതൽ തുക വഹിക്കുന്നത് കേരളമാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് മുരളീധരന്‍
ന്യൂഡല്‍ഹി: ദേശീയപാതാ വികസനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയപാത വികസനത്തിൽ പദ്ധതിച്ചെലവിന്‍റെ 25 ശതമാനം വഹിക്കുന്നത് കേരളം മാത്രമാണെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“റോഡിനുള്ള ഭൂമി ഏറ്റെടുക്കലിന്‍റെ 30 ശതമാനവും റിംഗ് റോഡുകൾക്കും ബൈപ്പാസുകൾക്കുമായി ഭൂമി ഏറ്റെടുക്കുന്നതിന് 50 ശതമാനം തുകയും കർണാടക ചെലവഴിക്കുന്നു. തമിഴ്നാട്ടിലെ നാല് എലിവേറ്റഡ് ഹൈവേകളുടെ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി ചെലവാകുന്ന 470 കോടി രൂപയിൽ പകുതിയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
പഞ്ചാബിലും തുകയുടെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിച്ചിരുന്നു. ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ചെലവിന്‍റെ 50 ശതമാനം വരെ സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. ബിഹാർ 100 ശതമാനം പണവും ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനമാണ് കേരളം വഹിക്കുന്നത്. ദേശീയപാതയുടെ നിർമ്മാണച്ചെലവ് മുഴുവൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) വഹിക്കും. ദേശീയ പാത പൂർണമായും സംസ്ഥാന സർക്കാരാണ് നിർമ്മിക്കുന്നതെന്ന പ്രചാരണമാണ് നടക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ സഹായമാണ് കേന്ദ്രം കേരളത്തിന്‍റെ വികസനത്തിനായി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.