സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു

തിരുവനന്തപുരം: സംഗീത സംവിധായകൻ ആർ.സോമശേഖരൻ (77) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.15ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.

തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗറിലെ ‘സൗപർണിക’യിലായിരുന്നു താമസം. പരേതരായ ഭാരതി അമ്മയുടെയും പരമേശ്വരൻ ഉണ്ണിത്താന്‍റെയും മകനാണ്. ഭാര്യ: ജയമണി. മക്കൾ: ജയശേഖർ, ജയശ്രീ, ജയദേവ്. മരുമക്കൾ: അഡ്വ.സുധീന്ദ്രൻ, മീര. സംവിധായകൻ സുരേഷ് ഉണ്ണിത്താന്‍റെ ഇളയ സഹോദരനാണ്. സംസ്കാരം വൈകിട്ട് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
ഇതും ഒരു ജീവിതം എന്ന ചിത്രത്തിലൂടെയാണ് സോമശേഖരൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജാതകത്തിലെ “പുളിയിലക്കരയോലും…” എന്ന ഗാനം പ്രശസ്തമാണ്. ആര്‍ദ്രം, വേനല്‍ക്കാലം, ബ്രഹ്മാസ്ത്രം, മിസ്റ്റര്‍ പവനായി 99.99, അയാള്‍, ഈ അഭയതീരം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.