മ്യൂസിക്ക് ഷോ വൈറലായി; പണികിട്ടി പാക് വിദ്യാഭ്യാസ സ്ഥാപനം!
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷാവറിലെ എൻസിഎസ് വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ കർശന നടപടിയുണ്ടാകാൻ സാധ്യത. സ്ഥാപനത്തില്‍ നടത്തിയ സംഗീത പരിപാടിയുടെ വീഡിയോ വൈറലായതോടെ പാകിസ്ഥാനിലെ ഖൈബർ മെഡിക്കൽ യൂണിവേഴ്സിറ്റി (കെ.എം.യു) പെഷാവറിലെ എൻസിഎസ് യൂണിവേഴ്സിറ്റി സിസ്റ്റത്തിന് നോട്ടീസ് അയച്ചു.
ഈ വിദ്യാഭ്യാസ സ്ഥാപനം അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവകലാശാലാ നോട്ടീസിൽ വീഡിയോ വൈറലായ സംഭവത്തെ “അധാർമ്മികം” എന്നാണ് പറഞ്ഞിരിക്കുന്നത്. നോട്ടീസിൽ സർവകലാശാല എൻസിഎസ് ഡയറക്ടറോട് വിശദീകരണം തേടി.
സ്വകാര്യ സ്ഥാപനമായ എൻസിഎസ് സർവകലാശാലയുടെ പരിസരത്ത് മൂന്ന് ദിവസം നീണ്ടുനിന്ന ഹുനാർ മേളയുടെ അവസാന ദിവസം
സംഘടിപ്പിച്ച വിദേശ ഗായികയുടെ സംഗീത പരിപാടി വിവാദമായിരുന്നു. ഇറുകിയ വസ്ത്രം ധരിച്ച ഒരു പെൺകുട്ടി സ്റ്റേജിൽ പാടുന്നതും നൃത്തം ചെയ്യുന്നതും സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇതോടെയാണ് വിദ്യാഭ്യാസ സ്ഥാപനത്തിന് നോട്ടീസ് നൽകിയത്.