കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് ട്വിറ്റര്‍ ആസ്ഥാനത്ത് കിടപ്പുമുറികള്‍ ഒരുക്കി മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ജീവനക്കാർക്കായി ട്വിറ്റർ ആസ്ഥാനത്ത് ചെറിയ കിടപ്പുമുറികൾ ഒരുക്കി ഇലോണ്‍ മസ്ക്. ‘കഠിനമായി ജോലിചെയ്യൂ അല്ലെങ്കില്‍ രാജിവെക്കൂ’ എന്ന നിർദേശത്തിനു പിന്നാലെയാണ് ഈ നീക്കം. സാൻഫ്രാൻസിസ്കോയിലെ ട്വിറ്റർ ആസ്ഥാനത്താണ് മുറികൾ ചെറിയ കിടപ്പുമുറികളാക്കി മാറ്റിയത്.

കഠിനാധ്വാനികളായ ജീവനക്കാർക്ക് രാത്രി വൈകി ഓഫീസിൽ തങ്ങാൻ അനുവദിക്കുന്നതിനാണ് കിടപ്പുമുറികൾ സജ്ജീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മുറിയിൽ ഓറഞ്ച് നിറത്തിലുള്ള പരവതാനിയുണ്ട്. എന്നാല്‍ ജാലകവിരിപ്പുകളുടെ നിറം അനാകര്‍ഷകമാണെന്നും കിടക്ക വൃത്തിയായി ഒരുക്കിയതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കട്ടിലിനരികില്‍ തടികൊണ്ടുള്ള മേശയും കസേരകളും വലിയ വര്‍ക്ക് മോണിറ്ററുകളുമുണ്ട്.

തിങ്കളാഴ്ച ഓഫീസിലെത്തിയ ജീവനക്കാരാണ് പുതുതായി ഉയർന്നുവന്ന ചെറിയ മുറികൾ കണ്ടത് . അത്തരം ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്ന് മസ്കോ കമ്പനിയോ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ല. ഓരോ നിലയിലും ഇത്തരത്തിലുള്ള നാലോ എട്ടോ മുറികൾ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് വിവരം.