ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിക്കാന്‍ മസ്‌ക്? വോട്ടെടുപ്പ് തുടങ്ങി

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ട്വിറ്ററിൽ തിരിച്ചെത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി എലോൺ മസ്ക്. മുൻ ഉടമകൾ വിലക്കിയ ട്രംപിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം മസ്ക് ട്വിറ്ററിൽ ഒരു പോൾ പോസ്റ്റ് ചെയ്തിരുന്നു.

22 മണിക്കൂർ ബാക്കി നിൽക്കെ 20 ലക്ഷത്തിലധികം പേര് വോട്ട് രേഖപ്പെടുത്തി. ഇതിൽ 60 ശതമാനം പേരും ട്രംപിന്‍റെ തിരിച്ചുവരവിനെ അനുകൂലിച്ചു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് 2021 ൽ ട്രംപിനെ ട്വിറ്ററിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കിയിരുന്നു.

ട്വിറ്ററിന്‍റെ പുതിയ നയം കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സ്വാതന്ത്ര്യമല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യമാണെന്നും മസ്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. വിദ്വേഷ ട്വീറ്റുകൾ കഴിയുന്നത്ര നിരുത്സാഹപ്പെടുത്തും. “അത്തരം ട്വീറ്റുകൾ നിങ്ങൾക്ക് പെട്ടെന്ന് കാണാൻ കഴിയാത്ത തരത്തിലായിരിക്കും,” മസ്ക് പറഞ്ഞു.