മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്; കേന്ദ്രവുമായി ചര്‍ച്ചകള്‍ ആരംഭിച്ചു

സ്റ്റാർലിങ്കിന്‍റെ പ്രവർത്തനം ആരംഭിക്കുന്നതിന് ഇന്ത്യയിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി ചർച്ചകൾ ആരംഭിച്ചു. എലോൺ മസ്കിന്‍റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്‍റെ കീഴിലുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങളാണ് സ്റ്റാർലിങ്ക് ലഭ്യമാക്കുന്നത്.

ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ ആവശ്യമായ ലൈസൻസിനായി സ്റ്റാർലിങ്ക് അപേക്ഷിക്കും. രാജ്യത്ത് സാറ്റലൈറ്റ് ഇന്‍റർനെറ്റ്, വോയ്സ് സേവനങ്ങൾ നൽകുന്നതിന് സാറ്റലൈറ്റ് ലൈസൻസ് ആവശ്യമാണ്. 20 വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുക. കഴിഞ്ഞ വർഷം ലൈസൻസ് ലഭിക്കാതെ സ്റ്റാർലിങ്ക് സേവനങ്ങൾക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു. തുടർന്ന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ മൂലം കമ്പനിക്ക് ബുക്കിംഗ് തുക തിരികെ നൽകേണ്ടി വന്നു. ആ സമയത്ത്, സ്റ്റാർലിങ്കിന് 5,000 ലധികം പ്രീ-ബുക്കിംഗുകൾ ലഭിച്ചു.

ഭാരതി എയര്‍ടെല്ലിന്റെ വണ്‍വെബ് (വൺവെബ്), ജിയോ സാറ്റ്‌ലൈറ്റ് എന്നിവയോടും സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. രണ്ട് കമ്പനികളും സാറ്റലൈറ്റ് ഇന്‍റർനെറ്റ് അവതരിപ്പിക്കാനുള്ള പ്രക്രിയയിലാണ്. അതേസമയം, സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾക്കായുള്ള സ്പെക്ട്രം ലേലം ചെയ്യണമോ എന്ന കാര്യത്തിൽ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സ്പെക്ട്രം ലേലം ചെയ്യണമെന്നാണ് ജിയോയുടെയും വോഡഫോൺ ഐഡിയയുടെയും നിലപാട്.