ഹിന്ദുത്വ തീവ്രവാദത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍

ലണ്ടന്‍: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് ശേഷം ബ്രിട്ടനിലെ ലെസ്റ്ററിൽ കഴിഞ്ഞയാഴ്ച നടന്ന അക്രമങ്ങളുടെയും കലാപങ്ങളുടെയും പശ്ചാത്തലത്തിൽ ഹിന്ദുത്വ തീവ്രവാദത്തിനെതിരെ നടപടിയെടുക്കണമെന്ന് മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൺ ആവശ്യപ്പെട്ടു.

തിങ്കളാഴ്ചയാണ് എംസിബി ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. തീവ്ര വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകൾ ലെസ്റ്ററിലെ മുസ്ലിം സമുദായാംഗങ്ങളെ ലക്ഷ്യമിട്ട് അക്രമം അഴിച്ചുവിടുകയാണ് എന്ന് പ്രസ്താവനയിൽ പറയുന്നു.

മുഖംമൂടി ധരിച്ച നൂറുകണക്കിന് ആളുകൾ ‘ജയ് ശ്രീറാം’ വിളിക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ ആരോപിച്ചു.