15 വയസിന് മുകളിൽ പ്രായമുള്ള മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി
ന്യൂ ഡൽഹി: 15 വയസിന് മുകളിലുള്ള മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആവർത്തിച്ചു. ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷൻ 12 പ്രകാരം അത്തരമൊരു വിവാഹം അസാധുവാകില്ലെന്നും കോടതി പറഞ്ഞു.
16 വയസുകാരിയെ വിവാഹം കഴിച്ച യുവാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ജസ്റ്റിസ് വികാസ് ബഹൽ ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്ലീം വ്യക്തിനിയമപ്രകാരം ഇവരുടെ വിവാഹം സാധുതയുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
നേരത്തെ ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ ബെഞ്ച് സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.