ബി.ജെ.പി.ക്കെതിരേ ദേശീയ ഐക്യനിരയൊരുക്കാന്‍ മുസ്ലിംലീഗ്

ചെന്നൈ: പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ ജനാധിപത്യ പാർട്ടികളുടെ ഐക്യമുന്നണി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതി തീരുമാനിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലീഗിന്‍റെയും അതിന്‍റെ അനുബന്ധ സംഘടനകളുടെയും രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്കും യോഗം രൂപം നൽകി.

ദേശീയതലത്തില്‍ പടരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ മുസ്ലിംലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന സൗഹാര്‍ദത്തിന്റെ സാമൂഹികചിന്താധാരയ്ക്ക് പ്രസക്തിയേറുകയാണെന്ന് ചെന്നൈ റോയപുരത്തെ റംസാന്‍ മഹലില്‍ ചേര്‍ന്ന നിര്‍വാഹകസമിതി വിലയിരുത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കേരളത്തിൽ ആരംഭിച്ച സൗഹൃദ സംഗമങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഇതിന്‍റെ തുടക്കമെന്ന നിലയിൽ ആറ് നഗരങ്ങളിൽ ചടങ്ങുകൾ നടക്കുമെന്ന് ദേശീയ പ്രസിഡന്‍റ് പ്രൊഫ. കെ എം ഖാദർ മൊയ്തീൻ പറഞ്ഞു.

സ്വാതന്ത്ര്യലബ്ധിയുടെ സമയത്തെ തൽസ്ഥിതി നിലനിർത്തിക്കൊണ്ട് ആരാധനാലയങ്ങളുടെ സംരക്ഷണം നിർബന്ധമാക്കുന്ന 1991 ലെ ആരാധനാലയ നിയമം കർശനമായി നടപ്പാക്കണമെന്ന് യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന ദേശീയ നേതാക്കൾ ഒന്നിക്കേണ്ട സമയമാണിതെന്ന് യോഗം ഉദ്ഘാടനം ചെയ്ത പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ വൈസ് പ്രസിഡന്റ് എം.പി. അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, വൈസ് പ്രസിഡന്റ് സി.എ.എം.എ. കരീം തുടങ്ങിയര്‍ സംസാരിച്ചു.