രാജ്യത്ത് മുസ്ലീങ്ങൾക്ക് വിശ്വസിക്കാന്‍ കഴിയുന്നത് സി.പി.എമ്മിനെ മാത്രം ; എ.എന്‍. ഷംസീര്‍
രാജ്യത്തെ മുസ്ലീങ്ങൾക്ക് ഇന്ന് സി.പി.എമ്മിനെ മാത്രമേ വിശ്വസിക്കാൻ കഴിയൂവെന്ന് നിയുക്ത സ്പീക്കർ എ.എൻ ഷംസീർ എം.എൽ.എ. ഇടനിലക്കാരില്ലാതെ ഇന്ന് മുസ്ലിം സമുദായത്തിന് അധികാരികളെ കാണാൻ കഴിയുന്നു. വഖഫ് ബോർഡ് വിഷയത്തിൽ സമസ്ത ആവശ്യപ്പെട്ടപ്പോൾ വഖഫ് ബിൽ റദ്ദാക്കിയത് ഇതിന് ഉദാഹരണമാണെന്നും എ.എൻ ഷംസീർ പറഞ്ഞു.
നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ പ്രകടനം മികച്ചതാണെന്ന് ഷംസീർ പറഞ്ഞു. പ്രതിപക്ഷം ഇപ്പോൾ സഭയ്ക്കുള്ളിൽ നല്ല പ്രവർത്തനമാണ് നടത്തുന്നത്. എന്നാൽ പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള കരുത്ത് ഭരണപക്ഷത്തിനുണ്ട്. ഇതുവരെ, ഭരണകക്ഷിക്ക് വേണ്ടി മുൻനിരയിൽ നിന്ന് പോരാടുന്ന റോൾ ആയിരുന്നു. ഇനി റഫറിയാകാന്‍ ആണ് പറഞ്ഞിരിക്കുന്നത്. കക്ഷി രാഷ്ട്രീയം പറയാതെ നല്ല റഫറിയാകാന്‍ ശ്രമിക്കും. എന്നാല്‍ രാഷ്ട്രീയം പറയേണ്ട സാഹചര്യത്തില്‍ അത് പറയുമെന്നും ഷംസീര്‍ വ്യക്തമാക്കി.
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തനിക്ക് പിതൃതുല്യനായ വ്യക്തിയാണെന്ന് ഷംസീർ പറഞ്ഞു. കോടിയേരി തന്നെ ഒരു മകനെപ്പോലെ കൂടെ നിർത്തി. തെറ്റുകൾ തിരുത്തിയും ശാസിച്ചും മുന്നോട്ട് കൊണ്ടുപോയി. കോടിയേരിയാണ് തന്‍റെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയതെന്നും ഷംസീർ പറഞ്ഞു.