മൂത്തൂറ്റ് ഫിനാന്‍സും ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചും കൈകോര്‍ക്കുന്നു

മണി എക്സ്ചേഞ്ച് ആൻഡ് ട്രാൻസ്ഫർ കമ്പനിയായ ലുലു ഇന്‍റർനാഷണൽ എക്സ്ചേഞ്ചുമായി മുത്തൂറ്റ് ഫിനാൻസ് കൈകോര്‍ക്കുന്നു. യുഎഇയിലെ മണി എക്സ്ചേഞ്ച് ട്രാൻസ്ഫർ കമ്പനിയായ ലുലുവുമായി കളക്ഷൻ പാർട്ണറായി പ്രവർത്തിക്കാൻ മൂത്തൂറ്റ് ഫിനാന്‍സ് ധാരണാപത്രം ഒപ്പുവെച്ചു. യുഎഇ മേഖലയിലെ ഉപഭോക്താക്കൾക്ക് ഭവനവായ്പയുടെ പണം കൈമാറ്റം ചെയ്യുന്നത് എളുപ്പമാക്കാനാണ് പ്രമുഖ സ്വർണ്ണ വായ്പ എന്‍ബിഎഫ്‌സി ആയ മുത്തൂറ്റ് ഫിനാൻസ് ലക്ഷ്യമിടുന്നത്.

മുത്തൂറ്റ് ഫിനാൻസിന് യുഎഇയിൽ 4 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. യുഎഇയിലുടനീളമുള്ള ലുലു എക്സ്ചേഞ്ചിന്‍റെ 89 ശാഖകളിൽ നിന്ന് ഉപഭോക്താക്കൾക്ക് മുത്തൂറ്റ് ഫിനാൻസിന്റെ വായ്പ തിരിച്ചടയ്ക്കാം. മുത്തൂറ്റ് ഫിനാൻസിന് ഇന്ത്യയിൽ 4,600ലധികം ശാഖകളുണ്ട്. മുത്തൂറ്റ് ഫിൻസെർവുമായി സഹകരിച്ചാണ് ഈ സേവനം ആരംഭിക്കുന്നത്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയും വായ്പ തിരിച്ചടയ്ക്കാൻ ഉടൻ സാധ്യമാകുമെന്ന് ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. മുത്തൂറ്റ് ഫിനാൻസ് 2021-22 സാമ്പത്തിക വർഷത്തിൽ 4,031 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ഇതേ കാലയളവിൽ, കമ്പനിയുടെ സംയോജിത ആസ്തി മൂല്യം (എയുഎം) 11 ശതമാനം ഉയർന്ന് 64,494 കോടി രൂപയായി.