എം.വി. ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ചു; രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: എം.വി ഗോവിന്ദൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. പ്രത്യേക ദൂതൻ മുഖേനയാണ് കത്ത് രാജ്ഭവനിൽ എത്തിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചത്. പകരം സ്പീക്കർ എം.ബി രാജേഷിനെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാണ് പുതിയ മന്ത്രിയായി നിയമിച്ചത്. രാജേഷിന് പകരം തലശ്ശേരി എം.എൽ.എ എ.എൻ.ഷംസീർ സ്പീക്കറാകും.

ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് എം.വി. ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന തീരുമാനം കൈക്കൊണ്ടത്. വാർത്ത ശരിവച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പത്രക്കുറിപ്പും പുറത്തുവന്നു. ആരോഗ്യപരമായ കാരണങ്ങളാൽ കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് എം.വി ഗോവിന്ദൻ സെക്രട്ടറിയായത്. എം ബി രാജേഷിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ഓണത്തിന് മുമ്പ് നടക്കുമെന്നാണ് വിവരം.

1971 മാർച്ച് 12ന് പഞ്ചാബിലെ ജലന്ധറിൽ ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകനായാണ് രാജേഷിന്‍റെ ജനനം. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.ജിയും ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും നേടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്, അഖിലേന്ത്യാ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്.