എം.വി. ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവെക്കേണ്ടെന്ന് സിപിഐഎമ്മിൽ ധാരണ

സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദൻ തൽക്കാലം നിയമസഭയിൽ നിന്ന് രാജിവെക്കേണ്ടതില്ലെന്ന് സി.പി.എമ്മിൽ പൊതുധാരണ. അതേസമയം, വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിസ്ഥാനം എപ്പോൾ രാജിവയ്ക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും. മുൻഗാമികളായ പിണറായിയുടെയും കോടിയേരിയുടെയും പാരമ്പര്യം പിന്തുടർന്ന് എം.വി ഗോവിന്ദൻ എം.എൽ.എയായി തുടരും. അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തിൽ അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോ ക്ഷണിതാവാക്കാനും സാധ്യതയുണ്ട്.

1998 ഒക്ടോബറിൽ വൈദ്യുതി മന്ത്രി സ്ഥാനം രാജിവച്ച് പാർട്ടി സെക്രട്ടറിയായ പിണറായി വിജയൻ 2001 ൽ കാലാവധി അവസാനിക്കുന്നതുവരെ എം.എൽ.എ സ്ഥാനം നിലനിർത്തിയിരുന്നു. 2015 ഫെബ്രുവരിയിൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയാകുമ്പോൾ തലശ്ശേരിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. കാലാവധി തീരുന്നതുവരെ അദ്ദേഹം തുടർന്നു. ഈ സാഹചര്യത്തിൽ എം.വി ഗോവിന്ദനും രാജിവെക്കേണ്ടതില്ലെന്നാണ് നേതൃതലത്തിലെ ധാരണ.