രാജ്യത്തെ ഏറ്റവും മികച്ച മൃഗശാലകളിൽ ‘മൈസൂർ സൂ’ മൂന്നാം സ്ഥാനത്ത്

മൈസൂരു: രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത്തെ മൃഗശാലയായി മൈസൂരു മൃഗശാല തിരഞ്ഞെടുക്കപ്പെട്ടു. സെൻട്രൽ സൂ അതോറിറ്റി പുറത്തിറക്കിയ മികച്ച മൃഗശാലകളുടെ പട്ടികയിൽ മൈസൂരു മൂന്നാം സ്ഥാനത്താണ്.

മൈസൂരു നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള 157 ഏക്കർ വിസ്തൃതിയുള്ള മൃഗശാല മലയാളികൾ ഉൾപ്പെടെ ഓരോ വർഷവും ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു. 1892-ൽ അന്നത്തെ മൈസൂർ രാജാവായിരുന്ന ചാമരാജ വോഡയാർ പത്താമനാണ് ഇത് സ്ഥാപിച്ചത്.

നിലവിൽ മൈസൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൃഗശാലയിൽ 1400 ലധികം മൃഗങ്ങളുണ്ട്. 152 ഇനം പക്ഷികളുമുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന മൃഗങ്ങളും ഇക്കൂട്ടത്തിലുണ്ട്.