നാന്‍സി പെലോസിയുടെ ഭര്‍ത്താവിന് നേരെ ആക്രമണം
വാഷിങ്ടണ്‍: യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിക്ക് നേരെ ആക്രമണമുണ്ടായി. എണ്‍പത്തിരണ്ടുകാരനായ പോളിനെ സാൻഫ്രാൻസിസ്കോയിലെ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചുകയറിയ ആളാണ് ക്രൂരമായി മർദ്ദിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
പോളിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാൻസിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നിലെ കാരണം അന്വേഷിച്ചു വരികയാണ്. സംഭവസമയത്ത് നാൻസി സംഭവസ്ഥലത്തുണ്ടായിരുന്നില്ല.
ആക്രമണത്തിന്‍റെ സാഹചര്യത്തെക്കുറിച്ചോ അക്രമി എങ്ങനെ വീട്ടിൽ പ്രവേശിച്ചുവെന്നോ വ്യക്തതയില്ല. സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയുടെ ഉടമയാണ് പോൾ പെലോസി. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇദ്ദേഹത്തെ മേയിൽ അഞ്ച് ദിവസത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു.