ജപ്പാനിൽ ആഞ്ഞടിച്ച് നന്മഡോൾ; ഒമ്പത് ദശലക്ഷം ആളുകളെ ഒഴിപ്പിച്ചു

കാലാവസ്ഥാ വ്യതിയാനം കാരണം ലോകമെമ്പാടും തീവ്രമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ വര്‍ദ്ധിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വന്നിട്ട് അധികമായില്ലെങ്കിലും അതിന്‍റെ ദുരന്തഫലങ്ങള്‍ ജപ്പാന്‍ അനുഭവിച്ച് തുടങ്ങി. കഴിഞ്ഞയാഴ്ച അവസാനമാണ് രാജ്യം കണ്ട ഏറ്റവും മോശം ചുഴലിക്കാറ്റുകളിലൊന്നായ നന്മഡോൾ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതിന് പിന്നാലെ ഏകദേശം ഒമ്പത് ദശലക്ഷം ആളുകളോട് തീരത്ത് നിന്ന് വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. നന്മഡോൾ ചുഴലിക്കാറ്റിൽ രണ്ട് പേർ കൊല്ലപ്പെടുകയും 90 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. 

ജപ്പാൻ തീരത്ത് നന്മഡോൾ ചുഴലിക്കാറ്റ് ഞായറാഴ്ച ആഞ്ഞടിക്കുമെന്നായിരുന്നു പ്രവചനം.  ഇതേതുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഞായറാഴ്ചയോടെ ജപ്പാനിലെ നാല് പ്രധാന ദ്വീപുകളുടെ തെക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ക്യുഷുവിന്‍റെ തെക്കേ അറ്റത്തുള്ള കഗോഷിമ നഗരത്തില്‍ നന്മഡോൾ ചുഴലിക്കാറ്റ് നിലം തൊട്ടു. വരും ദിവസങ്ങളിൽ രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ ഹോൺഷുവിൽ നന്മഡോൾ ചുഴലിക്കാറ്റ് എത്തുമെന്ന് കരുതുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ ഞായറാഴ്ച രാത്രി അടിയന്തര ഷെൽട്ടറുകളിലേക്ക് മാറ്റി. ചുഴലിക്കാറ്റ് വീശിയതിന് പിന്നാലെ ഏകദേശം 3,50,000 വീടുകളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു.