‘നന്‍പകല്‍ നേരത്ത് മയക്കം’ തിയേറ്ററിലേക്ക്; ഔദ്യോഗിക പ്രഖ്യാപനവുമായി മമ്മൂട്ടി കമ്പനി

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’ ഈ വർഷത്തെ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു. നാളെ സമാപിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) ചിത്രം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്‍റെ മൂന്ന് പ്രദർശനങ്ങൾക്കും ഡെലിഗേറ്റുകളുടെ വലിയ തിരക്കായിരുന്നു. റിസർവ് ചെയ്ത് മണിക്കൂറുകളോളം ക്യൂവിൽ നിന്നെങ്കിലും തിരക്ക് കാരണം പല ഡെലിഗേറ്റുകൾക്കും സിനിമ കാണാൻ കഴിഞ്ഞില്ല. സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുമോ എന്നത് ഡെലിഗേറ്റുകൾക്കിടയിൽ മുഴങ്ങിയ ഒരു ചോദ്യമായിരുന്നു. പ്രീമിയറിന് ശേഷമുള്ള ചോദ്യോത്തര വേളയിൽ പ്രതിനിധികളിൽ ഒരാൾ ലിജോ ജോസ് പെല്ലിശ്ശേരിയോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. മമ്മൂക്കയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ലിജോയുടെ മറുപടി.

നന്‍പകല്‍ നേരത്ത് മയക്കത്തിന് തിയേറ്റർ റിലീസ് ഉണ്ടാകുമെന്ന ഔദ്യോഗിക തീരുമാനം എത്തിയിരിക്കുകയാണ് ഇപ്പോൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് ചിത്രത്തിൻ്റെ നിർമ്മാണം. തിയേറ്റർ റിലീസ് ഉണ്ടാകുമെന്ന് കമ്പനിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അറിയിച്ചത്. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.