നരബലി; ഫ്രിഡ്ജിൽ മാംസം സൂക്ഷിച്ചുവെന്നതിന്റെ നിർണായക തെളിവുകൾ ലഭിച്ചു

പത്തനംതിട്ട: ഇലന്തൂർ ഇരട്ട മനുഷ്യബലിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മനുഷ്യമാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചതിന്‍റെ നിർണ്ണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തി. ഫ്രിഡ്ജിനുള്ളിൽ രക്തക്കറയും കണ്ടെത്തി. 10 കിലോ മനുഷ്യമാംസമാണ് ഫ്രീസറിൽ പിന്നീട് കഴിക്കാൻ സൂക്ഷിച്ചിരുന്നത്. രണ്ട് സ്ത്രീകളുടെയും ആന്തരികാവയവങ്ങളും ചില ശരീരഭാഗങ്ങളും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ഇലന്തൂരിൽ ഇരട്ട നരബലി നടന്ന മുറിയിൽ നടത്തിയ പരിശോധനയിൽ മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും രക്തക്കറയും കണ്ടെത്തി. പഴയതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന മുറിയുടെ ഭിത്തിയിൽ ആണ് രക്തക്കറകൾ കണ്ടെത്തിയത്.

തെളിവെടുപ്പിനിടെ മനുഷ്യമാസം കഴിച്ചതായി പ്രതികൾ സമ്മതിച്ചു. ലൈല ഒഴികെ ഇരുവരും മനുഷ്യമാംസം ഭക്ഷിച്ചതായാണ് വിവരം. ഇക്കാര്യം പ്രതികൾ അന്വേഷണ സംഘത്തോട് സമ്മതിച്ചു. ഇവർ ഇരകളെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. മൂവരും കൊലപാതകം നടത്തിയ രീതി ഡമ്മി പരീക്ഷണത്തിൽ വിശദീകരിച്ചു.  തെളിവെടുപ്പിലുടനീളം ഷാഫിക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നിരുന്നാലും, ഭഗവൽ സിംഗിനും ലൈലയ്ക്കും കുറ്റബോധമുണ്ടെന്ന് ശരീരഭാഷ വ്യക്തമായി കാണിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.