നാസയുടെ ആർട്ടെമിസ് 1 ആദ്യ ഫ്ലൈറ്റ് പരീക്ഷണം ഇന്ന്

അമേരിക്ക: അപ്പോളോ ചാന്ദ്രദൗത്യം കഴിഞ്ഞ് 50 വർഷത്തിലേറെ പിന്നിടുമ്പോൾ, മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസിന്റെ ആദ്യ ദൗത്യത്തിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 6.03ന് കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്ന് ആർട്ടെമിസ്-1 വിക്ഷേപിക്കും.

ചന്ദ്രനിലേക്കുള്ള മനുഷ്യ യാത്രയ്ക്കായി രൂപകൽപ്പന ചെയ്ത ഓറിയോൺ ബഹിരാകാശ പേടകത്തിന്‍റെയും അതിനായി ഉപയോഗിക്കുന്ന ബഹിരാകാശ വിക്ഷേപണ സംവിധാനമായ റോക്കറ്റിന്‍റെയും പ്രവർത്തനക്ഷമത പരിശോധിക്കുക എന്നതാണ് വിക്ഷേപണത്തിന്‍റെ ലക്ഷ്യം. ഓറിയോൺ പേടകം ഭൂമിയിലേക്ക് മടങ്ങുമ്പോൾ ഉണ്ടാകുന്ന 3,000 ഡിഗ്രി സെൽഷ്യസ് ചൂടിനെ അതിജീവിക്കാനുള്ള പേടകത്തിന്‍റെ താപ കവചത്തിന്‍റെ കഴിവ് പരിശോധിക്കും.

ഈ വിക്ഷേപണത്തിൽ മനുഷ്യർ ഉൾപ്പെടില്ല. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.53 നാണ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗൺ ആരംഭിച്ചത്. വിക്ഷേപണം ഇന്ന് നടന്നില്ലെങ്കിൽ, സെപ്റ്റംബർ 2 അല്ലെങ്കിൽ 5 നകം ഇത് പ്രതീക്ഷിക്കാം. മൊത്തം ചെലവ് 2 ലക്ഷം കോടി രൂപയാണ്. ആർട്ടെമിസ് 1 വിക്ഷേപണത്തോടെ ആർട്ടെമിസ് ദൗത്യത്തിന്‍റെ ഒരു പ്രധാന ഘട്ടത്തിലേക്ക് നാസ പ്രവേശിക്കുകയാണ്.