നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാഹുലിനോട് ഇന്നും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി 18 മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തതിനെ തുടർന്ന് ഡൽഹിയിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, നേതാക്കളായ മാണിക്കം ടഗോര്‍, അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗഗോയ്, ദീപേന്ദര്‍ സിങ് ഹൂഡ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധം പകർത്താൻ എത്തിയ മാധ്യമപ്രവർത്തകരെ ഉൾപ്പെടെയുള്ളവരെ പോലീസ് തടഞ്ഞിരുന്നു. ജെബി മേത്തർ എം.പിയെ റോഡിൽ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. മുൻ ഡൽഹി ആരോഗ്യമന്ത്രി കിരൺ വാല്യയും പൊലീസ് കസ്റ്റഡിയിലാണ്.