നാഷണൽ ഹെറാൾഡ് കേസ്; ഇന്നും സോണിയ ഗാന്ധി ഹാജരാകില്ല

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സോണിയാ ഗാന്ധി ഇഡിക്ക് കത്ത് നൽകിയിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെടാൻ ആഴ്ചകളെടുക്കുമെന്നും അതിനാൽ, ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയം നീട്ടണമെന്ന് കത്തിൽ പറയുന്നു. കോവിഡിന് ശേഷമുളള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു സോണിയ. രണ്ട് ദിവസം മുമ്പാണ് സോണിയ ഗാന്ധി ആശുപത്രി വിട്ടത്. നാഷണൽ ഹെറാൾഡ് കേസിൽ അഞ്ച് ദിവസത്തിനിടെ 54 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തത്. നാഷണൽ ഹെറാൾഡ് ദിനപത്രത്തിൻറെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യംഗ് ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായുള്ള യംഗ് ഇന്ത്യ ലിമിറ്റഡിൻറെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടും ഇഡി രാഹുലിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ രാഹുൽ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.