ദേശീയപാതാ വികസനം 2025ഓടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

റോഡുകളിലെ വിജിലൻസ് പരിശോധന സ്വാഭാവിക പരിശോധനയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിശോധന ആവശ്യമാണ്. തെറ്റുകളോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ കണ്ട് വിമർശിക്കുന്നത് പ്രതിപക്ഷ നേതാവ് ശീലമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാ ദിവസവും പറയാം. മറുപടിയെല്ലാം നൽകി. കണ്ണാടിയിൽ നോക്കി ആർക്കൊക്കെ പ്രിവിലേജ് എന്ന് അദ്ദേഹം ചോദിക്കട്ടെ. പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുന്നത് ബോറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്കായി അടുത്ത വർഷത്തോടെ പുതിയ കലണ്ടർ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 2026 ഓടെ 50 ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മിക്കും. മഴയും വെള്ളക്കെട്ടും അറ്റകുറ്റപ്പണികളെ സാരമായി ബാധിക്കുന്നതായി ദേശീയപാതാ വിഭാഗം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡ്രെയിനേജ് സംവിധാനത്തിന്‍റെ അഭാവം ഒരു പ്രശ്നമാണ്. റോഡ് ഏതായാലും കുഴികൾ ഉണ്ടാകാൻ പാടില്ല എന്നതാണ് നിലപാടെന്നും റിയാസ് പറഞ്ഞു.

അതേസമയം, ദേശീയപാതാ വികസനത്തിനായി കേരളത്തിൽ 98 ശതമാനം സ്ഥലമെടുപ്പും പൂർത്തിയായി. ഒമ്പത് ജില്ലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരളത്തിലുടനീളം ദേശീയപാതാ വികസനം 2025 ഓടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.