നാവികസേനയുടെ പുതിയ യുദ്ധക്കപ്പല്‍; ഐഎൻഎസ് മോര്‍മുഗാവ് കമ്മിഷന്‍ ചെയ്തു

മുംബൈ: ഇന്ത്യൻ നാവികസേനയുടെ പുതിയ പോരാളി ഐഎൻഎസ് മോർമുഗാവ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമ്മിഷൻ ചെയ്തു. അത്യാധുനിക സാങ്കേതികവിദ്യകളുള്ളതും മിസൈലുകളെ നശിപ്പിക്കാൻ ശേഷിയുള്ളതുമാണ് പി 15 ബി സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ. മുംബൈയിലെ നേവൽ ഡോക്ക്യാർഡിലാണ് കമ്മിഷൻ നടന്നത്.

163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുള്ള മോര്‍മുഗാവിന് പേരിന് പിന്നിൽ ഒരു കഥയുണ്ട്. ഗോവയിലെ തുറമുഖ നഗരമായിരുന്ന മോര്‍മുഗാവില്‍നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. ഈ വിശ്വസ്തനായ പോരാളിയെ ആണവ, ജൈവ-രാസയുദ്ധത്തിന്‍റെ സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്താൻ കഴിയും.

4 ശക്തമായ ഗ്യാസ് ടർബൈനുകളുള്ള ഐഎൻഎസ് മോര്‍മുഗാവിന്റെ വേഗത മണിക്കൂറിൽ മുപ്പത് നോട്ടിക്കൽ മൈൽ ആണ്. തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും സെൻസറുകളും മോർമുഗാവിൽ സജ്ജീകരിച്ചിരിക്കുന്നു.