നയന സൂര്യയുടെ മരണം; ആദ്യ അന്വേഷണത്തിലെ വീഴ്ചകൾ വിമർശിച്ച് പുതിയ അന്വേഷണ സംഘം
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം ആദ്യം അന്വേഷിച്ച സംഘത്തിന്‍റെ വീഴ്ചകൾ അക്കമിട്ട് നിരത്തി പുതിയ അന്വേഷണ സംഘം. നയന ഉൾപ്പെടെ അഞ്ചുപേരുടെ ഫോൺ വിവരങ്ങൾ മാത്രമാണ് അന്വേഷണ സംഘം എടുത്തത്. വിശദമായ അന്വേഷണം നടന്നില്ല. ഒപ്പം താമസിച്ചിരുന്ന സ്ത്രീയെക്കുറിച്ച് ഒരു അന്വേഷണവും നടന്നില്ല. ഇവരുടെ കോൾ വിശദാംശങ്ങൾ ശേഖരിച്ചിട്ടില്ലെന്നും മൊഴികളിലെ വൈരുദ്ധ്യങ്ങൾ പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമർശിച്ചു.
കഴുത്തിനേറ്റ പരിക്ക് സ്വയം ഏൽപ്പിച്ചതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് പുതിയ അന്വേഷണ സംഘം പറഞ്ഞു. കംപ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ എന്നിവ ഫോറൻസിക് പരിശോധനയ്ക്കായി നൽകി. മുറി അകത്ത് നിന്ന് പൂട്ടിയതാണെന്ന മ്യൂസിയം പൊലീസിന്‍റെ ന്യായം തെറ്റാണെന്നും പുതിയ അന്വേഷണ സംഘം പറഞ്ഞു.
മുറിയിൽ ലൈറ്റും ഫാനും ഉണ്ടായിരുന്നില്ല. നയനയുടെ വീട്ടിലെത്തിയ സന്ദർശകരെ പറ്റി ആദ്യ അന്വേഷണ സംഘം പരിശോധിച്ചില്ലെന്നും സാമ്പത്തിക സ്രോതസ്സ് പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമർശിച്ചു. ഡിസിആർബി അസി. കമ്മീഷണറുടെ റിപ്പോർട്ടിലാണ് വിവരങ്ങൾ ഉള്ളത്.