നയൻതാരയുടെ മൊഴി എടുത്തേക്കും; വാടക​ഗർഭധാരണത്തിൽ അന്വേഷണം തുടങ്ങി

ചെന്നൈ: നടി നയൻതാരക്കും വിഘ്നേഷ് ശിവനും വാടകഗർഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചതിനെ കുറിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയിന്‍റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. താരദമ്പതികൾ വാടകഗർഭധാരണത്തിനുള്ള മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന കാര്യത്തിൽ അന്വേഷണം നടത്തും.വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നതടക്കമുള്ള കർശന വ്യവസ്ഥകളോടെ ഇക്കൊല്ലം ജനുവരിയിൽ നിയമം ഭേദഗതി ചെയ്തിരുന്നു.

വാടക ഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ നയൻതാരയുടെയും വിഘ്നേഷ് ശിവന്‍റെയും മൊഴി രേഖപ്പെടുത്താമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ്നാട് ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവർക്ക് വേണ്ടി വാടക ഗർഭധാരണത്തിന് നയൻതാരയുടെ ഒരു ബന്ധു തയ്യാറായിരുന്നതായാണ് സൂചന.