ലഡാക്കിന് സമീപത്തെ ചൈനീസ് പ്രവർത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎസ്

ഡൽഹി: ലഡാക്കിന് സമീപമുള്ള ചൈനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി യുഎസ് ഉദ്യോഗസ്ഥൻ. ചൈനയുടെ നടപടികൾ കണ്ണുതുറപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് യുഎസ് ആർമി പസഫിക് കമാൻഡർ ഇൻ ചീഫ് ജനറൽ ചാൾസ് എ ഫ്ളിൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഷ്യ-പസഫിക് മേഖലയുടെ മേൽനോട്ടം വഹിക്കുന്ന ജനറൽ കൂടിയാണ് ഫ്ലിൻ.

ചൈന കാണിക്കുന്ന വിനാശകരവും ദുഷിച്ചതുമായ ചില പെരുമാറ്റങ്ങൾക്കെതിരെ ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുന്നത് യോഗ്യമാണെന്ന് ഞാൻ കരുതുന്നു,” ജനറൽ പറഞ്ഞു. ഈ ഒക്ടോബറിൽ നടക്കാനിരിക്കുന്ന യുദ്ധാഭ്യാസത്തിന്റെ ഭാഗമായി ഇന്ത്യയും യുഎസും ഹിമാലയത്തിൽ 9,000-10,000 അടി ഉയരത്തിൽ പരിശീലന ദൗത്യങ്ങൾ നടത്തും. എന്നാൽ, സ്ഥലം വ്യക്തമാക്കിയിട്ടില്ല. അലാസ്കയിലും സമാനമായ അതിശൈത്യ കാലാവസ്ഥയിൽ ഇന്ത്യൻ സൈന്യം പരിശീലനം നടത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ സാങ്കേതികവിദ്യ, വ്യോമയാന ആക്രമണം, ലോജിസ്റ്റിക്സ്, തത്സമയ അടിസ്ഥാനത്തിൽ വിവരങ്ങൾ പങ്കിടൽ എന്നിവയും ഇന്തോ-യുഎസ് സൈനിക പരിശീലനത്തിൽ ഉൾപ്പെടുന്നു.

സൈനിക പരിശീലനം ഇന്ത്യൻ സൈന്യത്തിനും യുഎസ് സൈന്യത്തിനും പ്രയോജനപ്പെടുത്താൻ കഴിയുന്ന വിലമതിക്കാനാവാത്ത അവസരമാണെന്നും ജനറൽ ഫ്ലിൻ പറഞ്ഞു. ചൈനയുടെ വർദ്ധിച്ചുവരുന്നതും വഞ്ചനാപരവുമായ പെരുമാറ്റം മേഖലയിലേക്ക് കൂടുതൽ വ്യാപിക്കുന്നത് ഇന്ത്യയ്ക്കും യുഎസിനും ഗുണം ചെയ്യില്ലെന്നും ഫ്ലിൻ കൂട്ടിച്ചേർത്തു. കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാനമായ പാംഗോങ് സോ തടാകത്തിൻ ചുറ്റും ചൈന കൈവശപ്പെടുത്തിയ പ്രദേശത്ത് പുതിയ പാലം പണിയുന്നതായി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പാലം പൂർത്തിയാകുന്നതോടെ പ്രദേശത്ത് സൈന്യത്തെ വേഗത്തിൽ വിന്യസിക്കാൻ ചൈനയ്ക്ക് കഴിയും.