നെഹ്‌റുട്രോഫി: അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ച് മുഖ്യമന്ത്രി
ആലപ്പുഴ: സെപ്റ്റംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും കത്തിൽ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. 23നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്തയച്ചത്. തെലങ്കാന ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദക്ഷിണ മേഖലാ കൗൺസിൽ യോഗം സെപ്റ്റംബർ 30 മുതൽ സെപ്റ്റംബർ 3 വരെ കോവളത്ത് നടക്കും. അമിത് ഷായും മറ്റ് വിശിഷ്ടാതിഥികളും യോഗത്തിൽ പങ്കെടുക്കും. ഇതിനെത്തുമ്പോള്‍ നെഹ്രുട്രോഫി വള്ളംകളിയിലും പങ്കെടുക്കാനാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്.
ആഭ്യന്തരമന്ത്രി എത്തിയാൽ നിയന്ത്രണങ്ങൾ കർശനമാക്കും. നെഹ്‌റുട്രോഫി വള്ളംകളിയുടെ ട്രാക്കും ഹീറ്റ്‌സും ശനിയാഴ്ച അറിയാം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്കുശേഷം ട്രാക്കിന്റെയും ഹീറ്റ്‌സിന്റെയും നറുക്കെടുപ്പു നടക്കും. രാവിലെ ക്യാപ്റ്റന്‍സ് ക്ലിനിക്ക് നടക്കും. ക്ലബ്ബുകളുടെ ക്യാപ്റ്റന്‍മാര്‍ക്കു വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളും നിയമാവലികളും യോഗത്തില്‍ നല്‍കും. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം 22 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്.