വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ നെഹ്റു തയ്യാറായി; കെ സുധാകരന്‍

കണ്ണൂര്‍: വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ ജവഹർലാൽ നെഹ്റു തയ്യാറായെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. കണ്ണൂർ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സമ്മേളനത്തിലാണ് സുധാകരന്‍റെ പരാമർശം. ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിവാദമായിരുന്നു.

ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും അംബേദ്കറെ നിയമമന്ത്രിയാക്കുകയും ചെയ്തതിലൂടെ വരേണ്യ ജനാധിപത്യത്തിന്‍റെ മൂല്യം നെഹ്റു ഉയർത്തിപ്പിടിച്ചുവെന്നും സുധാകരൻ പറഞ്ഞു.

“അംബേദ്കറെ നിയമമന്ത്രിയാക്കാന്‍ സാധിച്ച മഹത്തായ ജനാധിപത്യ മനോഭാവത്തിന്‍റെ ഉയർന്ന മൂല്യങ്ങളുടെ പ്രതീകമാണ് നെഹ്റു. ആർ.എസ്.എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ സ്വന്തം മന്ത്രിസഭയിൽ മന്ത്രിയാക്കാൻ അദ്ദേഹം കാണിച്ച മനസ്സ്, വർഗീയ ഫാസിസത്തിനൊപ്പം പോലും സന്ധി ഉണ്ടാക്കാനുള്ള അദ്ദേഹത്തിന്‍റെ വലിയ മനസ്സ്… നെഹ്രുവിന്‍റെ കാലത്ത് പാർലമെന്‍റിൽ പ്രതിപക്ഷമില്ലായിരുന്നു, അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയില്‍ ഇല്ല. അക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ എ.കെ. ഗോപാലനെ പ്രതിപക്ഷ നേതാവാക്കി അദ്ദേഹം ജനാധിപത്യബോധം പ്രകടിപ്പിച്ചു. വിമർശിക്കാൻ ആരെങ്കിലും ഉണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടെന്നും സുധാകരൻ പറഞ്ഞു.