സംസ്ഥാനത്തെ ആദ്യ വൈഫൈ സംവിധാനമുള്ള അങ്കണവാടിയായി നെല്ലിക്കാപറമ്പ് അങ്കണവാടി

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി നെല്ലിക്കാപറമ്പ് 81-ാം നമ്പർ അങ്കണവാടി വൈഫൈ സൗകര്യമുള്ള സംസ്ഥാനത്തെ ആദ്യ അങ്കണവാടിയായി മാറി. ബിഎസ്എൻഎല്ലുമായി സഹകരിച്ച് വനിതാ ശിശുവികസന വകുപ്പിന് കീഴിലാണ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത അങ്കണവാടി കൂടിയാണിത്.

അങ്കണവാടി കുട്ടികൾക്ക് പുറമെ, കൗമാരക്കാരായ പെണ്‍കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് അങ്കണവാടി കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വര്‍ണക്കൂട്ട് പദ്ധതിയ്ക്കും പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഓാണ്‍ലൈന്‍ പഠനത്തിനും പദ്ധതി പ്രയോജനപ്പെടും. അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്കും വൈഫൈ സൗകര്യം ലഭ്യമാക്കും. സ്മാര്‍ട് ടി.വി അടക്കം വിപുലമായ ഗൂഗിള്‍ മീറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കും സഹായകരമാകും.

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 1,230 അങ്കണവാടികൾക്ക് വനിതാ ശിശുവികസന വകുപ്പ് വൈ-ഫൈ കണക്ഷൻ നൽകും. ഒന്നിന് 2500 രൂപ നിരക്കിൽ 30,75,000 രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. അങ്കണവാടികൾ കേന്ദ്രീകരിച്ചുള്ള കുമാരി ക്ലബ്ബുകളുടെ (വര്‍ണക്കൂട്ട്) പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് വൈഫൈ കണക്ഷനുകൾ നൽകുന്നത്. മികച്ച വര്‍ണക്കൂട്ടുകളുള്ള അങ്കണവാടികൾ പരിഗണിക്കും. മലപ്പുറത്താണ് ഏറ്റവും കൂടുതൽ വൈഫൈ അങ്കണവാടികൾ. 135 എണ്ണം.