മുത്തങ്ങയിലെ ജംഗിള്‍ സഫാരി ആസ്വദിച്ച് നെതര്‍ലന്‍ഡ്സുകാരും

കല്പറ്റ: മുത്തങ്ങവനത്തില്‍ കടുവകളെയും കാട്ടുപോത്തിനെയും പുലിയെയുമൊക്കെ കാണാൻ അവസരമൊരുക്കുന്ന ജംഗിൾ സഫാരി ആസ്വദിക്കാൻ നെതർലാൻഡ്സ് സംഘവും.

ഞായറാഴ്ച രാത്രി നടന്ന സഫാരിയിൽ ആറുപേരാണ് പങ്കെടുത്തത്. വനത്തിലൂടെയുള്ള 4 മണിക്കൂർ നീണ്ട യാത്രയിൽ, അവർക്ക് വന്യമൃഗങ്ങളെ കാണാനുള്ള അവസരവും ലഭിച്ചു. വയനാട്ടിലെത്തിയ സംഘം കെ.എസ്.ആർ.ടി.സിയുടെ ജംഗിൾ സഫാരിയുടെ പരസ്യം കണ്ട് ആകൃഷ്ടരാകുകയായിരുന്നു.

ഒക്ടോബർ അഞ്ചിനാണ് മുത്തങ്ങയിൽ ജംഗിൾ സഫാരി ആരംഭിച്ചത്. 12 സര്‍വീസുകളിലായി 502 പേർ പങ്കെടുത്തു. കെ.എസ്.ആർ.ടി.സിക്ക് ഒന്നരലക്ഷം രൂപയുടെ വരുമാനവും ലഭിച്ചു. ഈ സര്‍വീസിന് വലിയ ഡിമാൻഡുണ്ടെന്ന് വയനാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ആന്‍റണി പറഞ്ഞു.