ചൈനയെ മറികടന്ന് ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയായി നെതർലൻഡ്സ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയായി ഉയർന്ന് നെതർലൻഡ്സ്. 2022-23 സാമ്പത്തിക വർഷത്തിൽ, ഓഗസ്റ്റ് വരെ, ഇന്ത്യ 7.5 ബില്യൺ ഡോളറിന്‍റെ സാധനങ്ങൾ നെതർലൻഡ്സിലേക്ക് കയറ്റുമതി ചെയ്തു. കയറ്റുമതിയിൽ 106 ശതമാനം വർദ്ധനവാണുണ്ടായത്. കഴിഞ്ഞ വർഷം നെതർലൻഡ്സ് കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തായിരുന്നു. നെതർലൻഡ്സ് ചൈനയെയും ബംഗ്ലാദേശിനെയും മറികടന്നാണ് മൂന്നാമതെത്തിയത്.
ഇന്ത്യയിൽ നിന്ന് നെതർലൻഡ്സിലേക്കുള്ള എണ്ണ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 238 ശതമാനം വർദ്ധിച്ചു. രാസവസ്തുക്കളും മരുന്നുകളുമാണ് മറ്റ് പ്രധാന കയറ്റുമതികൾ. കഴിഞ്ഞ വർഷം 21-ാം സ്ഥാനത്തായിരുന്ന ബ്രസീൽ ഇപ്പോൾ ഇന്ത്യയുടെ എട്ടാമത്തെ വലിയ കയറ്റുമതി വിപണിയാണ്. ബ്രസീലിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 4.66 ബില്യൺ ഡോളറാണ്. ബ്രസീലിലേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി 299 ശതമാനമാണ് ഉയർന്നത്. രാസവസ്തുക്കളുടെയും ഓട്ടോമൊബൈൽ ഓട്ടോ ഭാഗങ്ങളുടെയും കയറ്റുമതിയും വർദ്ധിച്ചു.
വിദേശനാണ്യ വിനിമയ പ്രതിസന്ധിയെ തുടർന്ന് ബംഗ്ലാദേശ് ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സീറോ-കോവിഡ് നയമാണ് ചൈനയിലേക്കുള്ള ഇറക്കുമതി ഇടിയാൻ കാരണം. അതേസമയം ഇന്തോനേഷ്യ 14-ാം സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തേക്ക് (4.83 ബില്യൺ ഡോളർ) കുതിച്ചുയർന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ഡിമാൻഡ് കുറഞ്ഞ സാഹചര്യത്തിൽ നെതർലൻഡ്സിന് പുറമെ യുകെ മാത്രമാണ് യൂറോപ്പിൽ നിന്ന് ആദ്യ പത്തിൽ ഇടം പിടിച്ചിരിക്കുന്നത്. യുകെ ഒമ്പതാം സ്ഥാനത്താണ് (4.53 ബില്യൺ ഡോളർ). കഴിഞ്ഞ തവണ പട്ടികയിൽ ഉണ്ടായിരുന്ന ബെൽജിയത്തിന് ഇത്തവണ ആദ്യ പത്തിൽ ഇടം നേടാൻ കഴിഞ്ഞില്ല.