വർക്ക് ഫ്രം ഹോം ജീവനക്കാരുടെ നിയമപരമായ അവകാശമാക്കാനൊരുങ്ങി നെതര്‍ലന്‍ഡ്
ആംസ്റ്റര്‍ഡാം: വർക്ക് ഫ്രം ഹോം ജീവനക്കാരുടെ നിയമപരമായ അവകാശമാക്കാനൊരുങ്ങി നെതര്‍ലന്‍ഡ്. ഇതു സംബന്ധിച്ച നിയമ ഭേദഗതി ഡച്ച് പാർലമെന്‍റിന്‍റെ അധോസഭ ഇതിനകം പാസാക്കിയിട്ടുണ്ട്. സെനറ്റിന്‍റെ അംഗീകാരം മാത്രമാണ് വേണ്ടത്.
നിലവിൽ, വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന ജീവനക്കാരുടെ അഭ്യർത്ഥന തൊഴിലുടമയ്ക്ക് നിരസിക്കാൻ കഴിയും. അതിന് പ്രത്യേകമായ ഒരു വിശദീകരണവും നൽകേണ്ട ആവശ്യമില്ല. എന്നിരുന്നാലും, പുതിയ നിയമം അനുസരിച്ച്, തൊഴിലുടമ നിർബന്ധമായും വർക്ക് ഫ്രം ഹോം വേണമെന്ന ജീവനക്കാരുടെ ആവശ്യം പരിഗണിക്കേണ്ടതുണ്ട്. വിസമ്മതിച്ചാൽ, അവർ അതിന് വ്യക്തമായ കാരണം നൽകേണ്ടി വരും. നെതര്‍ലന്‍ഡില്‍ നിലവിലുള്ള 2015 ലെ ഫ്‌ളെക്‌സിബിള്‍ വര്‍ക്കിങ് ആക്ട് ആണ് ഭേദഗതി ചെയ്യുന്നത്. ഈ നിയമം ജീവനക്കാർക്ക് അവരുടെ ജോലി സമയവും ജോലി സ്ഥലവും മാറ്റാനുള്ള അവകാശം നൽകുന്നു.
ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നെതര്‍ലന്‍ഡ് മുൻപന്തിയിലാണ്. കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ അനുവദിച്ച വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ കൊണ്ടുവരാൻ കമ്പനികൾ ശ്രമിക്കുന്നതിനിടെയാണ് നെതരലാൻഡിലെ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള നീക്കം. ടെസ്ല ഉൾപ്പെടെയുള്ള കമ്പനികൾ ഇതിനകം തന്നെ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ടെസ്ല സിഇഒ എലോൺ മസ്ക് അടുത്തിടെ ജീവനക്കാർക്ക് ഉടൻ ജോലിയിലേക്ക് മടങ്ങണമെന്നും അല്ലാത്തപക്ഷം കമ്പനി വിടണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.