ജെന്‍ഡര്‍ ന്യൂട്രലായ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയും; ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം : തിരുവനന്തപുരം സി.ഇ.ടി കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് തടയാൻ സീറ്റുകൾ വെട്ടിപ്പൊളിച്ചതിനെ വിമര്‍ശിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. സംഭവം പുരോഗമന സമൂഹത്തിന് യോജിച്ചതല്ലെന്നും നമ്മുടെ നാട്ടിൽ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഇരിക്കുന്നതിന് വിലക്കില്ലെന്നും മേയർ പറഞ്ഞു. മറിച്ച് വിശ്വസിക്കുന്നവർ ഇപ്പോഴും കാളവണ്ടി യുഗത്തിലാണ് ജീവിക്കുന്നത്, ആര്യ രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജ് സന്ദർശിച്ച് സമരം ചെയ്ത വിദ്യാർത്ഥികളെ മേയർ ആര്യ രാജേന്ദ്രൻ അഭിനന്ദിച്ചു. പ്രശ്‌നമായ ബസ് ഷെല്‍ട്ടര്‍ അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ എന്‍.ഒ.സി ഇല്ലാത്തതുമാണ് എന്ന് മേയര്‍ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ ഷെൽട്ടർ നിർമ്മിക്കുമെന്നും മേയർ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.