കോണ്‍ഗ്രസില്‍ പുതിയ മാറ്റം; 12 സിഡബ്ല്യുസി അംഗങ്ങളെ തിരഞ്ഞെടുക്കും

ന്യൂഡല്‍ഹി: പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഒരു വശത്ത് പുരോഗമിക്കുമ്പോൾ ദേശീയതല പദയാത്രയായ ഭാരത് ജോഡോ യാത്ര മറുവശത്ത്. ഇതിനിടെ വലിയ തോതിലുള്ള രാജിയും കൊഴിഞ്ഞു പോക്കും. നേതൃത്വത്തെ ഞെട്ടിച്ച ഗോവയിലേതുപോലുള്ള സംഭവങ്ങൾ.

ദേശീയ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന ഒരു പാർട്ടിക്ക് എന്താണ് സംഭവിക്കുന്നത് എന്ന ചർച്ച രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. അതേസമയം, കോണ്‍ഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് എന്നതും ശ്രദ്ധേയമാണ്.

ദേശീയ പ്രവർത്തക സമിതി (സിഡബ്ല്യുസി) കോൺഗ്രസിന്‍റെ ഏറ്റവും ഉയർന്ന നയരൂപീകരണ സമിതിയാണ്. വ്യാഴാഴ്ച, തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ കണ്ടെത്തുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. 23 അംഗങ്ങളിൽ 12 പേർ തിരഞ്ഞെടുക്കപ്പെടും. ബാക്കിയുള്ള അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുമെന്ന് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി പറഞ്ഞു.