യു.കെയിൽ പുതിയ കോവിഡ് വകഭേദങ്ങൾ; വാക്സിനുകൾ ഫലിക്കില്ലെന്ന് മുന്നറിയിപ്പ്
ലണ്ടൻ: കോവിഡിന്‍റെ രണ്ട് പുതിയ വകഭേദങ്ങൾ യുകെയിൽ വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ബി.ക്യു 1, എക്സ്.ബി.ബി എന്നീ വകഭേദങ്ങൾ വ്യാപിക്കുകയാണ്. ഏകദേശം 700 ഓളം ബിക്യു 1 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18 പേർക്കാണ് എക്സ്ബിബി വകഭേദം ബാധിച്ചത്.
നിലവിലെ വാക്സിനുകൾ പുതിയ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാകില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുകെ ആരോഗ്യ മന്ത്രാലയത്തിന്‍റെ അഭിപ്രായത്തിൽ, ഇവ രണ്ടും ഒമിക്രോണിൻ്റെ ഉപവകഭേദങ്ങളാണ്. ഈ വകഭേദങ്ങൾ യൂറോപ്പിൽ കോവിഡിന്‍റെ പുതിയ തരംഗത്തിന് കാരണമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. നവംബർ അവസാനത്തോടെ യൂറോപ്പിനൊപ്പം വടക്കേ അമേരിക്കയിലും പുതിയ കോവിഡ് തരംഗമുണ്ടായേക്കും.
പുതിയ വകഭേദങ്ങളെക്കുറിച്ച് യുകെ ആരോഗ്യ വകുപ്പ് പഠനം തുടരുകയാണ്. തുടക്കം മുതൽ കോവിഡ്-19നെ കുറിച്ച് പഠിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ബാസലും ഉപ വകഭേദങ്ങൾ അതിവേഗം പടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.