പ്രളയം തടയുന്നതിന് കേരളത്തില്‍ പുതിയ ഡാമുകള്‍ നിര്‍മിക്കും: റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം തടയുന്നതിനായി പ്രളയ നിയന്ത്രണ അണക്കെട്ടുകളുടെ നിർമ്മാണം സർക്കാർ പരിശോധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താരതമ്യേന വലിപ്പം കുറഞ്ഞ ഇത്തരം ഡാമുകളുടെ പ്രാഥമിക ലക്ഷ്യം പ്രളയകാലത്ത് വെള്ളം സംഭരിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുക എന്നതാണ്. സംഭരിച്ച ജലം വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനും ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ നദികളെയും ഉള്‍പ്പെടുത്തി ഇക്കാര്യം പഠിക്കുന്നതിനായി സമിതിയെ ഉടന്‍ നിയോഗിക്കും എന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. വെള്ളപ്പൊക്കം നിയന്ത്രിക്കാനും നദികളെ സംരക്ഷിക്കാനും ഇത് സഹായിക്കുമെന്ന് റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു.